ഗുണ്ടൂർ: ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അധിക്ഷേപ പരാമർശം നടത്തിയെന്ന പരാതിയിൽ വൈഎസ്ആർ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അമ്പാട്ടി രാംബാബു അറസ്റ്റിൽ. ശനിയാഴ്ച രാത്രിയാണ് രാംബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
പോലീസിന് നേരേ അതിക്രമം നടത്തിയെന്നും രാംബാബുവിനെതിരെ ആരോപണമുണ്ട്. ഗുണ്ടൂർ വികാസ് നഗറിലെ വീട്ടിൽ നിന്ന് ആയിരുന്നു രാംബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ മുൻ മന്ത്രിയെ നല്ലപ്പാഡു പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.
തിരുപ്പതി ലഡു വിവാദത്തിൽ മുൻ മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡിക്കെതിരെ ടിഡിപി പ്രവർത്തകർ ബോർഡുകൾ സ്ഥാപിച്ചിരുന്നു. ഇതിനെതിരെ രംഗത്തെത്തിയ രാംബാബു മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെ അധിക്ഷേപ പരാമർശം നടത്തിയിരുന്നു.
ഇതോടെ ടിഡിപി പ്രവർത്തകർ രാംബാബുവിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച രാംബാബുവിനെ കസ്റ്റഡിയിലെടുക്കണമെന്നായിരുന്നു ടിഡിപി പ്രവർത്തകരുടെ ആവശ്യം.
അമ്പാട്ടി രാംബാബുവിന്റെ വീടിന് നേരെയും ആക്രമണമുണ്ടായി. വീട്ടിലുണ്ടായിരുന്ന വാഹനവും തകർത്തു. രാംബാബുവിന്റെ വീടിന് മുന്നിൽ വൈഎസ്ആർ പ്രവർത്തകർ കൂടി തടിച്ചുകൂടിയതോടെ ഇരുവിഭാഗങ്ങളും തമ്മിൽ സംഘർഷമുണ്ടായി.
ഇതിനിടെ കനത്ത പോലീസ് സുരക്ഷയിലാണ് വൈഎസ്ആർ കോൺഗ്രസിന്റെ മുൻ മന്ത്രിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ടിഡിപി പ്രവർത്തകർ രാംബാബുവിനെ വധിക്കാൻ ശ്രമിച്ചെന്നായിരുന്നു വൈഎസ്ആർ കോൺഗ്രസിന്റെ ആരോപണം.